This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലട നദീതടപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലട നദീതടപദ്ധതി

കല്ലടയാറിന്‌ കുറുകെയുള്ള ചെക്‌ ഡാം

കേരളത്തിലെ ഒരു പ്രധാന ജലസേചനപദ്ധതി. 549 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഇതിന്‍െറ കാച്ച്‌മെന്റ്‌ ഏരിയയില്‍ ശരാശരി 310 സെ.മീ. വര്‍ഷപാതമുള്ളതുകൊണ്ട്‌ ഈ നദീതടത്തിലുള്ള 53,000 ഹെക്‌ടര്‍ സ്ഥലത്തു ജലസേചനം നടത്തുവാന്‍ പര്യാപ്‌തമായ ഒരു പദ്ധതി 1956ല്‍ ആവിഷ്‌കരിക്കുകയുണ്ടായി. എങ്കിലും പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിച്ചത്‌ 1966ല്‍ മാത്രമാണ്‌. പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

(i) പോഷകനദികളുടെ സംഗമസ്ഥലത്തിനല്‌പം താഴെ പരപ്പാറില്‍, നദിയുടെ അടിത്തട്ടില്‍ നിന്നു സു. 58 മീ. ഉയരവും, ആകെ 381.4 മീ. നീളവുമുള്ള ഒരു അണക്കെട്ട്‌. ഇതിന്റെ ജലസംഭരണിയുടെ വ്യാപ്‌തി 5,240 ലക്ഷം ഘ.മീ. ആണ്‌.

(ii) പരപ്പാര്‍ അണക്കെട്ടില്‍ നിന്ന്‌ നിയന്ത്രിതരീതിയില്‍ താഴോട്ടുവിടുന്ന ജലം നദിയുടെ ഇരുവശങ്ങളിലുമുള്ള കനാലുകളിലേക്കു നയിക്കുവാന്‍ പരപ്പാറിനു 4 കി.മീ. താഴെ ഒറ്റയ്‌ക്കല്‍ എന്ന സ്ഥലത്തു പണിതിരിക്കുന്ന "ഗതിമാറ്റും അണക്കെട്ട്‌' (pick up weir).

(iii) വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും ജലം വിതരണം ചെയ്യുന്ന രണ്ടു കനാലുകളും അവയുടെ ശാഖകളും. ഇവയില്‍ വലതുഭാഗത്തെ കനാലിനും ഉപശാഖകള്‍ക്കും കൂടി മൊത്തം

529 കി.മീ. നീളം ഉണ്ട്‌; അതുപോലെ ഇടതുഭാഗത്തെ കനാലിനും ഉപശാഖകള്‍ക്കും കൂടി മൊത്തം 432 കി.മീറ്ററും. വടക്ക്‌ അച്ചന്‍കോവിലാറിന്റെ തടത്തിനും തെക്ക്‌ ഇത്തിക്കരയാറിന്റെ തടത്തിനും ഇടയിലുള്ള ഭൂവിഭാഗത്തിന്റെ ജലസേചനമാണ്‌ ഈ പദ്ധതിമൂലം ഉദ്ദേശിക്കുന്നത്‌. ആണ്ടുതോറുമുള്ള വര്‍ഷപാതം തൃപ്‌തികരമാണെങ്കിലും, ചില മാസങ്ങളില്‍ പെയ്യുന്ന മഴ വളരെ അധികവും മറ്റു ചില മാസങ്ങളില്‍ കൃഷിക്കു തീരെ അപര്യാപ്‌തവുമാകയാല്‍, പൊതുവേ ഈ നദീതടത്തില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ നെല്‍ക്കൃഷി സാധ്യമാകുന്നുള്ളു.

വര്‍ഷകാലത്ത്‌ കല്ലടയാറ്റിലെ വെള്ളപ്പൊക്കം ഇരുകരകളിലുമുള്ള സ്ഥലങ്ങളില്‍ വളരെ കെടുതികള്‍ വരുത്തി വയ്‌ക്കുന്നുണ്ട്‌. മഴക്കാലത്തെ ജലസംഭരണം വഴി ഇത്തരം നാശനഷ്‌ടങ്ങള്‍ നിയന്ത്രിക്കുവാനും, അങ്ങനെ ഈ നദീതടത്തെ പ്രളയബാധയില്‍ നിന്നു രക്ഷിക്കുവാനും ഈ പദ്ധതി സഹായിച്ചിട്ടുണ്ട്‌. അണക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന കുഴലുകളില്‍ക്കൂടി സംഭരണിയിലെ ജലം കടത്തിവിട്ട്‌ പരപ്പാറില്‍ സ്‌ഥാപിച്ചിരിക്കുന്ന പവര്‍ഹൗസില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതിനുപുറമേ നദിയിലൂടെ ഒരു നിര്‍ദിഷ്‌ടയളവില്‍ ജലം താഴോട്ട്‌ ഒഴുകിക്കൊണ്ടിരിക്കും എന്നുള്ളതും ഈ പദ്ധതിയുടെ ഒരു പ്രത്യേകതയാണ്‌. പുനലൂര്‍ മുതല്‍ അഷ്‌ടമുടിക്കായല്‍ വരെയുള്ള ജലഗതാഗതം ഇതുമൂലം താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്‌. ഈ ജലഗതാഗതവികസനം കാര്‍ഷികമേഖലയുടെ പുരോഗതിയെ സഹായിക്കുന്നുണ്ട്‌.

ഈ വിവിധോദ്ദേശ്യപദ്ധതിയുടെ അടങ്കല്‍ തുക ആദ്യം 13 കോടി രൂപയായിരുന്നത്‌ പിന്നീട്‌ 74 കോടിയായി ഉയര്‍ത്തി. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1961ല്‍ ചെറിയ തോതില്‍ ആരംഭിച്ചു. പക്ഷേ ഓരോ കൊല്ലവും ബഡ്‌ജറ്റ്‌ വിഹിതം അപര്യാപ്‌തമായിരുന്നതുകൊണ്ട്‌ 1967ല്‍ മാത്രമേ അണക്കെട്ടിന്‍െറ നിര്‍മാണം ആരംഭിക്കുകയുണ്ടായുള്ളു. അതിനുശേഷവും പണദൗര്‍ലഭ്യംമൂലം ഒരു ഘട്ടത്തില്‍ പദ്ധതിയുടെ ചെറിയ ഒരംശമേ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ഗണ്യമായ പുരോഗതിയുണ്ടായി. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്‌ വമ്പിച്ച തോതില്‍ ജനപങ്കാളിത്തവും ലഭ്യമായിരുന്നു. 1981ല്‍ ഈ പദ്ധതിക്ക്‌ ആസൂത്രണകമ്മിഷന്റെ അനുമതി ലഭിച്ചു. അന്നത്തെ എസ്റ്റിമേറ്റ്‌ തുക 163.57 കോടി രൂപയായിരുന്നു. യഥാസമയം ഫണ്ട്‌ ലഭിക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഇടയ്‌ക്കിടെ തടസ്സപ്പെട്ടുകൊണ്ടിരുന്നു. 199697ല്‍ കേന്ദ്രസര്‍ക്കാര്‍ "ആക്‌സിലറേറ്റഡ്‌ ഇറിഗേഷന്‍ ബെനിഫിറ്റ്‌ പ്രാഗ്രാ(AIBP)മില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 99ലെ പുതുക്കിയ വിലനിലവാരപ്പട്ടികയനുസരിച്ച്‌ അടങ്കല്‍ തുക 714 കോടിയാക്കി ഉയര്‍ത്തി. 2005 മാര്‍ച്ച്‌ 31നു പദ്ധതി കമ്മിഷന്‍ ചെയ്‌തു.

(കെ.ഐ. ഇടിക്കുള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍